2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

കാപ്സ്യൂൾ കവിതകൾ

ദുന്യാ മിഖായേൽ (ഇറാക്ക്)

1

മരം ചോദിക്കുന്നില്ല
എന്തുകൊണ്ടാണ്
മറ്റേതേങ്കിലും വനത്തിലേക്ക്
നീങ്ങിപ്പോകാനൊക്കാത്തതെന്ന്
അർത്ഥമില്ലാത്ത മറ്റ് ചോദ്യങ്ങളും.

2
എന്റെ ഭാഷ
നീണ്ട വാക്യങ്ങൾ ഇഷ്ടപ്പെടുന്നു
നീണ്ട യുദ്ധങ്ങൾ
ഒരിക്കലും അവസാനിക്കാത്ത പാട്ടുകൾ
നീളൻ രാവുകൾ ഇഷ്ടപ്പെടുന്നു
ദുരിതത്തിൽ വാവിട്ട് കരയാനും
ഒരു ദീർഘ ജീവിതത്തിന്
ഒരു ദീർഘ മരണത്തിന്
വിടുവേല ചെയ്യാനും.

3

മേഘങ്ങളെപ്പോലെ
അനായാസമായി
ഞങ്ങൾ അതിർത്തികൾ
മുറിച്ചുകടക്കുന്നു

ഒന്നും ഞങ്ങളെ വഹിക്കുന്നില്ല,
എന്നാൽ, മുന്നോട്ട് പോകുമ്പോൾ
ഞങ്ങൾ മഴയെ വഹിക്കുന്നു
ഒരുച്ചാരണം
വേറൊരു നാടിന്റെ
ഓർമ്മയും.

 4

ചോദിക്കരുത്
എത്ര വീടുകൾ നിർമ്മിച്ചുവെന്ന്

ചോദിക്കുക
എത്ര താമസക്കാർ
ആ വീടുകളിൽ
അവശേഷിക്കുന്നുവെന്ന്.

5

സ്വപ്നങ്ങൾ രണ്ട് തരം:
ലംബവും തിരശ്ചീനവും.

നിങ്ങളുടെ സ്വപ്നത്തിന്റെ രൂപം
എന്നോട് പറയുക
നിങ്ങൾ എവിടെത്തുകാരനെന്ന്
ഞാൻ  പറയും.

6
നമ്മുടെ
ചുവടുകൾക്കിടയിൽ
ചിതറിക്കിടക്കും
മാതളനാരങ്ങ വിത്തുകൾ
എന്തായാലും സ്വർഗ്ഗത്തിൽ നിന്നുള്ളതല്ല.

7

സമുദ്രം അതിന്റെ തിരമാലകളെ മറക്കുമോ?
ഗുഹകൾ നമ്മേ മറന്നത് മാതിരി.

8

അവൻ എന്നോടു പറഞ്ഞു:
നീ എന്റെ  കണ്ണാണ്

ഇപ്പോൾ അവൻ ഉറങ്ങുമ്പോൾ,
അവന്റെ കണ്പോളകൾ എന്നെ മൂടുന്നു.

9

തൂവാലകൾ അവരുടേതാണ്,
കണ്ണുനീർ നമ്മുടേതും

10
അവൾ ചിപ്പിയിൽ
കാത് അമർത്തി വെച്ചു
അവൻ അവളോട്
പറഞ്ഞിട്ടില്ലാത്തതെല്ലാം
കേൾക്കാനുള്ള പൂതിയിൽ

11

അവരുടെ കഥകൾ
കൊല്ലുന്നില്ലയെന്നെ
അക്കഥകൾ
നിങ്ങളോട് ചൊല്ലിയില്ലെന്നാലോ
മരിച്ചതു തന്നെ.

മൊഴിമാറ്റം : കമറുദ്ദീൻ ആമയം
പതനം

അഡോണിസ് (സിറിയ)

ഞാൻ വസിക്കുന്നു
എന്റെ ഭാഷയുമായി
നാവരിയപ്പെട്ട ഈ ലോകത്തിൽ
മഹാമാരിക്കും തീക്കനലിനുമിടയിൽ

ഞാൻ വസിക്കുന്നു
സ്വർഗ്ഗത്തിൽ ഏദൻത്തോട്ടത്തിൽ
ആദ്യ നിർവൃതിയിൽ നൈരാശ്യത്തിൽ
ഹവ്വയുടെ കൈകൾക്കും
വിലക്കപ്പെട്ട കനിക്കുമിടയിൽ

ഞാൻ വസിക്കുന്നു
മേഘങ്ങൾക്കും
മിന്നലുകൾക്കുമിടയിൽ
മുളച്ചുപൊന്തും
പാറമടകൾക്കിടയിൽ
നിഗൂഢതയും വീഴ്ച്ചയും
അനുശാസിക്കും ഗ്രന്ഥത്തിനിടയിൽ.

മൊഴിമാറ്റം: കമറുദ്ദീൻ ആമയം
_______________________________
അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്‌ബർ ലോക പ്രശസ്തനായ സിറിയൻ കവിയും ഗ്രന്ഥകാരനുമാണ്.
സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. തുടർന്ന് 1956-ൽ ലെബനീസ്‌ പൗരത്വം സ്വീകരിക്കുകയും കുറേക്കാലം ബെയ്‌റൂത്തിൽ വസിക്കുകയും ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിലും പാരീസിലുമായി താമസം. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ അവസാന റൗണ്ടിൽ നിരവധി തവണ പരിഗണിക്കപ്പെട്ടു.

2015 ലെ ആശാൻ വിശ്വപുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു.
പീറ്റർ ഹോണ്‍ (സൗത്ത് ആഫ്രിക്ക)

കവിതകൾ ആദായ വിലക്ക്

കവിത വേണോ കവിത
ഞങ്ങളുടെ കൈയിൽ കവിതയുണ്ടേ!
ഭരിക്കുന്നവർ തിരക്ക് പിടിച്ചിരിക്കുമ്പോഴും
നിങ്ങൾക്ക് സ്വപ്‌നങ്ങൾ പകരുന്ന കവിത
അവർ മാരകായുധങ്ങൾ പരീക്ഷിക്കുമ്പോഴും
നിങ്ങൾക്ക് നല്ലയുറക്കം തരുന്ന കവിത

ഞങ്ങളുടെ കൈയിൽ കവിതയുണ്ട്
നിങ്ങൾക്കുവേണ്ടി
നിങ്ങളുടെ ഉച്ചമയക്കത്തിനുവേണ്ടി
നിങ്ങളുടെ അലസ സായഹ്നത്തെയോ
നിങ്ങളെ തന്നെയോ ആലോസരപ്പെടുത്താത്ത
കവിതകൾ

പ്രഭാത കീർത്തനങ്ങൾ
നിങ്ങളെ സ്വാന്തനപ്പെടുത്തുമ്പോഴും
ഉച്ചയൂണിലെ കോഴിക്കറി
സ്വാദിഷ്ടമായിരിക്കുമ്പോഴും
ഞങ്ങളുടെ കൈയിൽ കവിതയുണ്ട്

എയ് നിങ്ങളുറങ്ങിയോ
ഒരു പക്ഷേ, സമാധാനത്തിലേക്ക് ഉണർന്നേക്കാം
അങ്ങനെയെങ്കിൽ ഞങ്ങളുടെ പക്കൽ
മറ്റു ചില കവിതകളുണ്ട്
നിങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നത്:
യുദ്ധങ്ങളുടെ ആറ്റംബോംബുകളുടെ
രക്തചൊരിച്ചലുകളുടെ ക്രൂരതയുടെ
സമധാനമാർന്ന നിങ്ങളുടെ കിടപ്പുമുറിയുടെ
ജനാലയിലുടെ തെളിയുന്ന തടവറകളുടെ

ഈ വിധം കവിതകളിൽ
നിങ്ങൾക്ക് താല്പര്യമില്ലയോ?
എന്ത് തന്നെയായാലും
അവ നിങ്ങളെ തേടിയെത്തും.

മൊഴിചൊല്ലൽ: കമറുദ്ദീൻ ആമയം
കത്ത്

കാജൽ അഹമ്മദ് (കുർദിഷ് )

 
ഒരു ദിവസം ചന്ദ്രിക
സുര്യ ഭവനത്തിലേക്ക്
ഒരു കടലാസ്സിൽ
ഇപ്രകാരം എഴുതി അയച്ചു:

''ഇക്കണ്ടകാലം മുഴുവൻ
നിനക്ക് വേണ്ടി കാത്തിരുന്നിട്ട്
ചോദിയ്ക്കാൻ നാണം തോന്നുന്നു
എന്തുകൊണ്ട് നീയെന്നെ
വേൾക്കുന്നില്ലായെന്ന്" 

'ഇക്കണ്ടകാലം മുഴുവൻ
നിന്നിൽ നിന്നും ഒളിച്ചുനിന്നിട്ട് 
കഴിയില്ലെന്ന് പറയാൻ 
ധൈര്യം തോന്നുന്നില്ല എനിക്ക് "

ഒരു നക്ഷത്രം മുഖേനെ
മറുകുറിപ്പ്  അയച്ചു
സൂര്യൻ.

മൊഴിചൊല്ലൽ: കമറുദ്ദീൻ ആമയം
മൂന്നു കവിതകൾ
ഗാദ സമ്മാൻ / സിറിയ

1
വഴക്കാളിയായ ഒരു മൂങ്ങ

ഞാൻ എന്തുകൊണ്ട് എഴുതുന്നു
ഒരു പക്ഷേ,  എന്റെ അക്ഷരങ്ങൾ
എന്നെ അടിച്ചമർത്തുന്നവർക്കെതിരെ 
എന്റെ മഷിക്കുടം കൊണ്ട്
ഷൂ മിനുക്കാൻ ശ്രമിക്കുന്നവർക്കെതിരെ
അതിന്റെ സ്വയമേയുള്ള പകപോക്കലായിരിക്കാം.

എനിക്ക് തോന്നുന്നു
എന്റെ കടല്സിലേക്ക് ഇപ്പോൾ തുളുമ്പിയ നീലവീഞ്ഞ്
അക്ഷരങ്ങളുടെ ചോരയാണെന്ന്
അതിനാൽ ഞാനതെടുത്തു മോന്തുന്നു
കാരണം മഷി സുബുദ്ധിയുടെ വീഞ്ഞ്

2
ഹൃദയം ബെയ്റൂത്തിൽ അകപ്പെട്ട ഒരു മൂങ്ങ

മറ്റെല്ലാം ഉണ്ടെന്നാലും
ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു
എന്തെന്നാൽ 
നിന്റെ കരയിൽ നിന്നാണ് ഞാനഭ്യസിച്ചത് 
ചിപ്പിക്കുള്ളിൽ നിന്നും
എങ്ങനെ നിലാവിനെ പാനം ചെയ്യാമെന്ന് .

3
ചൈതന്യവത്തായ ഒരു മൂങ്ങ

ഓരോ തവണ നീയെന്നെ പുണരുമ്പോഴും
ഞാൻ വീണ്ടും കന്യകയായ്‌ത്തീരുന്നു
അതെന്റെ മംഗല്യരാവായ് തോന്നിക്കുന്നു.

മൊഴിമാറ്റം: കമറുദ്ദീൻ ആമയം.
ചുമർ ഘടികാരം

സമിഹ് അൽ ഖാസിം/പലസ്തീൻ 

എന്റെ നഗരം നിലംപതിച്ചു
ഘടികാരം അവശേഷിച്ചു
അയൽപക്കം നിലംപതിച്ചു
ഘടികാരം അവശേഷിച്ചു 
തെരുവ് നിലംപതിച്ചു
ഘടികാരം അവശേഷിച്ചു
ചത്വരം നിലംപതിച്ചു
ഘടികാരം അവശേഷിച്ചു
വീട് നിലംപതിച്ചു
ഘടികാരം അവശേഷിച്ചു
ചുമർ നിലംപതിച്ചു
ഘടികാരം പിന്നെയും ചലിച്ചു.

പരിഭാഷ: കമറുദ്ദീൻ ആമയം
എനിക്കുള്ളത്

തൗഫീക്ക് സയ്യാദ് (പലസ്തീൻ)
---------------
ഞാനൊരിക്കലും
ഒരു റൈഫിള്‍ ചുമന്നിട്ടില്ല
കാഞ്ചി വലിച്ചിട്ടില്ല 
എനിക്കുള്ളതെന്തെന്നാൽ
ഓടക്കുഴലിൻ മധുഗാനം
കിനാക്കൾക്ക്
നിറംകൊടുക്കാനൊരു ബ്രഷ്‌
ഒരു മഷിക്കുപ്പി 

എനിക്കുള്ളതെന്തെന്നാൽ
ഇളകാത്ത വിശ്വാസം
നോവുന്നവരോടുള്ള
അമേയമാം വാത്സല്യം.

മൊഴിമാറ്റം : കമറുദീൻ ആമയം
നാല് പ്രണയ കവിതകൾ

നിസാർ  ഗബ്ബാനി  (സിറിയ)

1
ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും
====================================
നീണ്ട വേർപാടിന് ശേഷം
ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും
എനിക്ക് തോന്നുന്നു
ഒരു ചുവന്ന തപാൽപ്പെട്ടിയിൽ
തിടുക്കപ്പെട്ട് ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണെന്ന്. 

2
സംഭാഷണം
=============

പറയരുതേ
എന്റെ പ്രണയം ഒരു മോതിരമോ
കൈവളയോ ആയിരുന്നെന്ന്
എന്റെ പ്രണയം ഒരു പ്രതിരോധമാണ്
ധീരവും നിശ്ചയദാർഢ്യവുമാർന്നത്
മരണത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത്

പറയരുതേ
എന്റെ പ്രണയം ഒരു ചന്ദ്രനായിരുന്നെന്ന്
തീപ്പൊരികളുടെ ഒരു പൊട്ടിത്തെറിയാണ്
എന്റെ പ്രണയം.

3

 ഞാൻ നിന്നെ പ്രണയിക്കുമ്പോൾ

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
പുതിയൊരു ഭാഷ കിളിർക്കുന്നു
പുതിയ നഗരങ്ങൾ നാടുകൾ
കണ്ടുപിടിക്കപ്പെടുന്നു
കടൽനായക്കുഞ്ഞുങ്ങളെപ്പോലെ
യാമങ്ങൾ ഉച്വസിക്കുന്നു
പുസ്തകത്താളുകൾക്കിടയിൽ
ഗോതമ്പ് നാമ്പെടുക്കുന്നു
നിന്റെ നയനങ്ങളിൽ നിന്ന്
തേനൂറും വിശേഷങ്ങളുമായി
പക്ഷികൾ പറക്കുന്നു
നിന്റെ മാറിടത്തിൽ നിന്ന്
ഇന്ത്യൻ നാട്ടുമരുന്നുകൾ വഹിച്ച്
സാർത്ഥവാഹകസംഘം
യാത്രയാകുന്നു
ചുറ്റും മാമ്പഴങ്ങൾ ചിതറിപ്പരക്കുന്നു
വനങ്ങൾക്ക് തീപ്പിടിക്കുന്നു
ചെണ്ടമേളം മുഴങ്ങുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
നിന്റെ മാറിടം
അവയുടെ ലജ്ജയുപേക്ഷിക്കുന്നു
ഖഡ്‌ഗമായും മണൽക്കാറ്റായും
ഇടിമിന്നലായും രൂപംമാറുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
യുഗങ്ങളായുള്ള
അടിച്ചമർത്തലുകൾക്കും
ഗോത്ര നിയമങ്ങൾക്കുമെതിരെ
അറേബ്യൻ നഗരം
പ്രതികാരം ചുരമാന്തുകയും
പ്രകടിപ്പിക്കുകയും ചെയ്യുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
അതൊരു മുന്നേറ്റമാവുന്നു
വിരൂപതക്കെതിരെ
ഉപ്പുരാജാക്കൾക്കെതിരെ
മരുഭൂമിയുടെ
സ്ഥാപനവൽക്കരണത്തിനെതിരെ 

ഒടുവിലത്തെ പ്രളയമണയുംവരേയും
ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും
പ്രണയിച്ചു കൊണ്ടേയിരിക്കും.

4
വെളിച്ചം വിളക്കിനേക്കാൾ ശ്രേഷ്ഠം
=============================

വെളിച്ചം വിളക്കിനേക്കാൾ ശ്രേഷ്ഠം
കവിത അത് കുത്തിക്കുറിയ്ക്കും
നോട്ടുബുക്കിനേക്കാളും
ചുംബനം ചുണ്ടുകളേക്കാളും
എന്റെ പ്രണയാക്ഷരങ്ങൾ
മഹത്തരവും ശ്രേഷ്ഠവും
നാമിരുവരേക്കാളും 

അവ മാത്രമാണൊരു പ്രമാണം
വരുംകാല ജനതക്ക് കണ്ടുപിടിക്കാൻ
നിന്റെ സൗന്ദര്യവും
എന്റെ ഉന്മാദവും.

മൊഴിമാറ്റം: കമറുദ്ദീൻ ആമയം
പ്രശസ്ത ഇറാക്കി കവി അദ്നാൻ അൽ സയഗിന്റെ മൂന്ന് കവിതകൾ

1
പരാതി

ആകാശത്തേക്ക്  നോക്കി
മുടന്തൻ
നിലവിളിച്ചു:

ദൈവമേ
നിന്റെ കൈയിൽ
വേണ്ടത്ര കളിമണ്ണ്
ഇല്ലായിരുന്നുവെങ്കിൽ
എന്തിനാണ്
എന്നെ സൃഷ്ടിക്കാൻ
നീയിത്ര തിടുക്കം കാട്ടിയത്.

2

അസാന്നിദ്ധ്യം

മേശവിരിയിൽ
അയാളൊരു രാജ്യം വരച്ചു
പ്രകാശം വിതറും ചെറുവീടുകൾ, പാലങ്ങൾ, മരങ്ങളും പൂച്ചകളും.
പിന്നെ ഒരു ടിക്കറ്റ് വാങ്ങി
അവിടേക്ക് അയാൾ യാത്രയായി
തന്റെ ലഗേജുകളും മക്കളേയും ചുമന്ന്

അതിർത്തിയിൽ വെച്ച്
ഇൻസ്പെക്ടർ
ഒരു ബാർ‌ടെൻഡറെപ്പോലെ
അയാളെ കുലുക്കിയുണർത്തി
അക്രോശിച്ചു :
കണ്ട സ്വപ്നങ്ങളുടെ
ബില്ലടക്കാതെ
എങ്ങോട്ടാണ് നീ
തിരക്കിട്ട് ഓടിപ്പോകുന്നത്.

3

അസ്ത്രം

പെട്ടെന്നുള്ള മോചന നിമിഷത്തിൽ
ഒരസ്ത്രം എന്തിനെക്കുറിച്ചായിരിക്കും
ചിന്തിക്കുക
ഇരയെക്കുറിച്ചോ
അതോ സ്വാതന്ത്ര്യത്തെക്കുറിച്ചോ

മൊഴിമാറ്റം: കമറുദ്ദീൻ ആമയം

ഭൂരിഭാഗം ആളുകളും കവികളാണ്
അബ്ദുൽ റഹ്മാൻ അല് മജീദി (ഇറാഖി)
-----------------------------------------------------------------------------
ആ മനുഷ്യൻ പറഞ്ഞു:
അല്ലയോ പ്പന്ത് കളിക്കാരെ 
ദൈവത്തെയോർത്ത്
നിങ്ങൾ ആ പന്തിനോട് 
അല്പം കരുണ കാണിക്കൂ
അതിന്റെ രോദനത്തിനൊന്ന് 
കാതുകൊടുക്കൂ
ആ സ്ത്രീ പറഞ്ഞു:
ഇടറുകയാണ് ആത്മാര്ത്ഥതയാൽ അയല്ക്കാരന്റെ ഭാഷണം.
ആ കുട്ടി പറഞ്ഞു:
പറവകൾ മരിച്ചാൽ
മറവു ചെയ്യും മാലാഖമാർ
അവയെ ആകാശത്ത്.
ആ ആമ്മ പറഞ്ഞു:
എന്റെ ഹൃദയത്തിലൊരു സുഷിരമുണ്ട് വിദൂരത്തുള്ള എന്റെ മകനെ ആലിംഗനം ചെയ്താൽ മാത്രം സുഖപ്പെടുന്നത്.


2020 ഏപ്രിൽ 9, വ്യാഴാഴ്‌ച

ഒറ്റപ്പെടലിനുള്ള ഒരു ശ്രമം

അതീബ് കമാൽ അൽ ദീൻ (ഇറക്കി)
=========================

        1
സുഹൃത്തുക്കളാലും
സഹോദരങ്ങളാലും
നാശത്തിന്റെ സമുദ്രത്തിലേക്ക്
വലിച്ചെറിയപ്പെട്ടതിന് ശേഷം
എനിക്കുമൊരു തോണികിട്ടി
എന്റെ ചോരത്തടാകത്തിൽ
സഞ്ചരിക്കാൻ.

        2

എണ്ണിയാൽ ഒടുങ്ങാത്ത നാശങ്ങൽക്കൊടുവിൽ
ഞാൻ കരപറ്റി
ഞാൻ ആഹ്ലാദത്തിലായി
ഒരു ശവം അതിന്റെ പുത്തൻ കുഴിമാടത്തിലെന്നപോലെ.

        3

അങ്ങനെ ഞാൻ
എന്നിൽ തന്നെ ഇരിപ്പുറപ്പിച്ചു
എന്നെത്തന്നെ കാവലിനിട്ട്
എന്നിൽ അരങ്ങേറിയത് മറക്കാതിരിക്കാൻ
ഉമ്മറവാതിലിൽ
എന്റെ ചോരപ്പാടുള്ള ഒരു ശൂലംനാട്ടി
മണ്ണുകുഴച്ച്  എന്റെ ശിരസ്സുപോലുള്ള
ഒന്നുണ്ടാക്കി
അത് ശൂലത്തിൽ തറച്ചു കരഞ്ഞു
എന്റെ ആത്മാവ് നിർഗമിക്കും വരെ
പിന്നീടതിനെ എന്റെ ശിരസ്സിൽ
വീണ്ടും  എടുത്തുവെച്ചു

         4

എല്ലാ പ്രഭാതത്തിലും
അനുസരണയോടെ
ശിരസ്സിനുമുന്നിൽ കുമ്പിട്ടു പറഞ്ഞു:

''സുപ്രഭാതം
നീ സങ്കടത്താലും വാക്കുകളാലും ഭാരപ്പെട്ടിരിക്കുന്നു''

''ഒറ്റപെടലിന്റെ പ്രഭുവേ സുപ്രഭാതം''
ശാന്തമായി  അത് പ്രത്യുത്തരം നല്കി.

മൊഴി ചൊല്ലൽ: കമറുദ്ദീൻ ആമയം