2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

നാല് പ്രണയ കവിതകൾ

നിസാർ  ഗബ്ബാനി  (സിറിയ)

1
ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും
====================================
നീണ്ട വേർപാടിന് ശേഷം
ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും
എനിക്ക് തോന്നുന്നു
ഒരു ചുവന്ന തപാൽപ്പെട്ടിയിൽ
തിടുക്കപ്പെട്ട് ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണെന്ന്. 

2
സംഭാഷണം
=============

പറയരുതേ
എന്റെ പ്രണയം ഒരു മോതിരമോ
കൈവളയോ ആയിരുന്നെന്ന്
എന്റെ പ്രണയം ഒരു പ്രതിരോധമാണ്
ധീരവും നിശ്ചയദാർഢ്യവുമാർന്നത്
മരണത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത്

പറയരുതേ
എന്റെ പ്രണയം ഒരു ചന്ദ്രനായിരുന്നെന്ന്
തീപ്പൊരികളുടെ ഒരു പൊട്ടിത്തെറിയാണ്
എന്റെ പ്രണയം.

3

 ഞാൻ നിന്നെ പ്രണയിക്കുമ്പോൾ

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
പുതിയൊരു ഭാഷ കിളിർക്കുന്നു
പുതിയ നഗരങ്ങൾ നാടുകൾ
കണ്ടുപിടിക്കപ്പെടുന്നു
കടൽനായക്കുഞ്ഞുങ്ങളെപ്പോലെ
യാമങ്ങൾ ഉച്വസിക്കുന്നു
പുസ്തകത്താളുകൾക്കിടയിൽ
ഗോതമ്പ് നാമ്പെടുക്കുന്നു
നിന്റെ നയനങ്ങളിൽ നിന്ന്
തേനൂറും വിശേഷങ്ങളുമായി
പക്ഷികൾ പറക്കുന്നു
നിന്റെ മാറിടത്തിൽ നിന്ന്
ഇന്ത്യൻ നാട്ടുമരുന്നുകൾ വഹിച്ച്
സാർത്ഥവാഹകസംഘം
യാത്രയാകുന്നു
ചുറ്റും മാമ്പഴങ്ങൾ ചിതറിപ്പരക്കുന്നു
വനങ്ങൾക്ക് തീപ്പിടിക്കുന്നു
ചെണ്ടമേളം മുഴങ്ങുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
നിന്റെ മാറിടം
അവയുടെ ലജ്ജയുപേക്ഷിക്കുന്നു
ഖഡ്‌ഗമായും മണൽക്കാറ്റായും
ഇടിമിന്നലായും രൂപംമാറുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
യുഗങ്ങളായുള്ള
അടിച്ചമർത്തലുകൾക്കും
ഗോത്ര നിയമങ്ങൾക്കുമെതിരെ
അറേബ്യൻ നഗരം
പ്രതികാരം ചുരമാന്തുകയും
പ്രകടിപ്പിക്കുകയും ചെയ്യുന്നു

ഞാൻ നിന്നെ പ്രണയിക്കുമ്പോൾ
അതൊരു മുന്നേറ്റമാവുന്നു
വിരൂപതക്കെതിരെ
ഉപ്പുരാജാക്കൾക്കെതിരെ
മരുഭൂമിയുടെ
സ്ഥാപനവൽക്കരണത്തിനെതിരെ 

ഒടുവിലത്തെ പ്രളയമണയുംവരേയും
ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും
പ്രണയിച്ചു കൊണ്ടേയിരിക്കും.

4
വെളിച്ചം വിളക്കിനേക്കാൾ ശ്രേഷ്ഠം
=============================

വെളിച്ചം വിളക്കിനേക്കാൾ ശ്രേഷ്ഠം
കവിത അത് കുത്തിക്കുറിയ്ക്കും
നോട്ടുബുക്കിനേക്കാളും
ചുംബനം ചുണ്ടുകളേക്കാളും
എന്റെ പ്രണയാക്ഷരങ്ങൾ
മഹത്തരവും ശ്രേഷ്ഠവും
നാമിരുവരേക്കാളും 

അവ മാത്രമാണൊരു പ്രമാണം
വരുംകാല ജനതക്ക് കണ്ടുപിടിക്കാൻ
നിന്റെ സൗന്ദര്യവും
എന്റെ ഉന്മാദവും.

മൊഴിമാറ്റം: കമറുദ്ദീൻ ആമയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ