2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

കാപ്സ്യൂൾ കവിതകൾ

ദുന്യാ മിഖായേൽ (ഇറാക്ക്)

1

മരം ചോദിക്കുന്നില്ല
എന്തുകൊണ്ടാണ്
മറ്റേതേങ്കിലും വനത്തിലേക്ക്
നീങ്ങിപ്പോകാനൊക്കാത്തതെന്ന്
അർത്ഥമില്ലാത്ത മറ്റ് ചോദ്യങ്ങളും.

2
എന്റെ ഭാഷ
നീണ്ട വാക്യങ്ങൾ ഇഷ്ടപ്പെടുന്നു
നീണ്ട യുദ്ധങ്ങൾ
ഒരിക്കലും അവസാനിക്കാത്ത പാട്ടുകൾ
നീളൻ രാവുകൾ ഇഷ്ടപ്പെടുന്നു
ദുരിതത്തിൽ വാവിട്ട് കരയാനും
ഒരു ദീർഘ ജീവിതത്തിന്
ഒരു ദീർഘ മരണത്തിന്
വിടുവേല ചെയ്യാനും.

3

മേഘങ്ങളെപ്പോലെ
അനായാസമായി
ഞങ്ങൾ അതിർത്തികൾ
മുറിച്ചുകടക്കുന്നു

ഒന്നും ഞങ്ങളെ വഹിക്കുന്നില്ല,
എന്നാൽ, മുന്നോട്ട് പോകുമ്പോൾ
ഞങ്ങൾ മഴയെ വഹിക്കുന്നു
ഒരുച്ചാരണം
വേറൊരു നാടിന്റെ
ഓർമ്മയും.

 4

ചോദിക്കരുത്
എത്ര വീടുകൾ നിർമ്മിച്ചുവെന്ന്

ചോദിക്കുക
എത്ര താമസക്കാർ
ആ വീടുകളിൽ
അവശേഷിക്കുന്നുവെന്ന്.

5

സ്വപ്നങ്ങൾ രണ്ട് തരം:
ലംബവും തിരശ്ചീനവും.

നിങ്ങളുടെ സ്വപ്നത്തിന്റെ രൂപം
എന്നോട് പറയുക
നിങ്ങൾ എവിടെത്തുകാരനെന്ന്
ഞാൻ  പറയും.

6
നമ്മുടെ
ചുവടുകൾക്കിടയിൽ
ചിതറിക്കിടക്കും
മാതളനാരങ്ങ വിത്തുകൾ
എന്തായാലും സ്വർഗ്ഗത്തിൽ നിന്നുള്ളതല്ല.

7

സമുദ്രം അതിന്റെ തിരമാലകളെ മറക്കുമോ?
ഗുഹകൾ നമ്മേ മറന്നത് മാതിരി.

8

അവൻ എന്നോടു പറഞ്ഞു:
നീ എന്റെ  കണ്ണാണ്

ഇപ്പോൾ അവൻ ഉറങ്ങുമ്പോൾ,
അവന്റെ കണ്പോളകൾ എന്നെ മൂടുന്നു.

9

തൂവാലകൾ അവരുടേതാണ്,
കണ്ണുനീർ നമ്മുടേതും

10
അവൾ ചിപ്പിയിൽ
കാത് അമർത്തി വെച്ചു
അവൻ അവളോട്
പറഞ്ഞിട്ടില്ലാത്തതെല്ലാം
കേൾക്കാനുള്ള പൂതിയിൽ

11

അവരുടെ കഥകൾ
കൊല്ലുന്നില്ലയെന്നെ
അക്കഥകൾ
നിങ്ങളോട് ചൊല്ലിയില്ലെന്നാലോ
മരിച്ചതു തന്നെ.

മൊഴിമാറ്റം : കമറുദ്ദീൻ ആമയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ