2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

പീറ്റർ ഹോണ്‍ (സൗത്ത് ആഫ്രിക്ക)

കവിതകൾ ആദായ വിലക്ക്

കവിത വേണോ കവിത
ഞങ്ങളുടെ കൈയിൽ കവിതയുണ്ടേ!
ഭരിക്കുന്നവർ തിരക്ക് പിടിച്ചിരിക്കുമ്പോഴും
നിങ്ങൾക്ക് സ്വപ്‌നങ്ങൾ പകരുന്ന കവിത
അവർ മാരകായുധങ്ങൾ പരീക്ഷിക്കുമ്പോഴും
നിങ്ങൾക്ക് നല്ലയുറക്കം തരുന്ന കവിത

ഞങ്ങളുടെ കൈയിൽ കവിതയുണ്ട്
നിങ്ങൾക്കുവേണ്ടി
നിങ്ങളുടെ ഉച്ചമയക്കത്തിനുവേണ്ടി
നിങ്ങളുടെ അലസ സായഹ്നത്തെയോ
നിങ്ങളെ തന്നെയോ ആലോസരപ്പെടുത്താത്ത
കവിതകൾ

പ്രഭാത കീർത്തനങ്ങൾ
നിങ്ങളെ സ്വാന്തനപ്പെടുത്തുമ്പോഴും
ഉച്ചയൂണിലെ കോഴിക്കറി
സ്വാദിഷ്ടമായിരിക്കുമ്പോഴും
ഞങ്ങളുടെ കൈയിൽ കവിതയുണ്ട്

എയ് നിങ്ങളുറങ്ങിയോ
ഒരു പക്ഷേ, സമാധാനത്തിലേക്ക് ഉണർന്നേക്കാം
അങ്ങനെയെങ്കിൽ ഞങ്ങളുടെ പക്കൽ
മറ്റു ചില കവിതകളുണ്ട്
നിങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നത്:
യുദ്ധങ്ങളുടെ ആറ്റംബോംബുകളുടെ
രക്തചൊരിച്ചലുകളുടെ ക്രൂരതയുടെ
സമധാനമാർന്ന നിങ്ങളുടെ കിടപ്പുമുറിയുടെ
ജനാലയിലുടെ തെളിയുന്ന തടവറകളുടെ

ഈ വിധം കവിതകളിൽ
നിങ്ങൾക്ക് താല്പര്യമില്ലയോ?
എന്ത് തന്നെയായാലും
അവ നിങ്ങളെ തേടിയെത്തും.

മൊഴിചൊല്ലൽ: കമറുദ്ദീൻ ആമയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ